നാലാം ക്ലാസ്സിലെ അവസാന ഓണ പരീക്ഷയും കഴിഞ്ഞിരിക്കുന്നു. ഹാളിനു പുറത്തു വച്ച ബൂക്സെല്ലാം എടുത്തു വീട്ടിലേക്കു ഒരൊറ്റ ഓട്ടം. തിരുവോണത്തിന് ഇനി ഏതാനും ദിവസങ്ങളെ ഉള്ളു. ഇനിയുള്ള ദിവസങ്ങളില്‍ മുറ്റത്തെ പൂക്കളങ്ങള്‍ ഏറ്റവും ഭംഗി ഉള്ളതാക്കണം. തിരക്കിട്ട് സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ അടുത്ത പരീക്ഷ ഹാളിലേക്ക് ഒന്ന് നോക്കി. ഇല്ല അവളെ കാണാനില്ല. ഇനി നേരെത്തെ പരീക്ഷ തീര്‍ത്തു പോയി കാണുമോ? ഓണപ്പൂ പറിക്കുന്നതില്‍ അവള്‍ എന്നും തന്നെ തോല്‍പ്പിക്കുന്നു. ഇനി മുതല്‍ നടക്കില്ല. അവന്‍ തിരക്കിട്ട് വീട്ടിലേക്കു ഓടിപോയി. പൂവട്ടി എടുത്തു വീട്ടില്‍ നിന്ന് ഇറങ്ങി ഓടുമ്പോള്‍ അമ്മയുടെ വിളിയൊന്നും അവന്‍ കേട്ടില്ല. ആ ഓട്ടം പുഴക്കടവില്‍ എത്തിയപ്പോഴാണ് നിന്നത്. പുഴക്കടവിലെ അകലെയായി കാണുന്ന ആ ചെറിയ വീട്ടിലേക്കു അവന്‍ ഒളിച്ചു നോക്കി. അതെ ഇതാണ് അവളുടെ വീട് ലതികയുടെ വീട്. അവള്‍ പൂ പറിക്കാന്‍ പോയിട്ടുണ്ടാവുമോ? ഇല്ല..വേഗം പോകാം. കോളാമ്പി പൂക്കള്‍ അവള്‍ പരിചെടുക്കുന്നതിനു മുമ്പേ കൈക്കലാക്കണം. അവന്‍ വേഗം നടന്നു. ഏതാനും അകലെ ഉള്ള കാടിന്‍റെ അടുത്ത് പുഷ്പ്പിച്ചു നില്‍കുന്ന കോളാമ്പി പൂക്കള്‍ അവന്റെ സന്തോഷം പങ്കിടാനെന്ന പോലെ മാടി വിളിച്ചു. മറ്റാരെങ്കിലും പരിചെടുക്കുമെന്നതിനാല്‍ അവന്‍ വേഗം പൂക്കള്‍ പറിച്ചെടുത്തു. ഇല്ല ഇനിയും അവള്‍ വന്നിട്ടില്ല. ഇനി വന്നാലും തനിക്കായിരിക്കും കൂടുതല്‍ വലിയ പൂക്കളം എന്ന കാര്യം ആലോചിച്ചപ്പോള്‍ അവനു തുള്ളിച്ചാടാന്‍ തോന്നി. വീട്ടിലേക്കു തിരിക്കുന്നതിനിടക്ക് ഒരിക്കല്‍ കൂടി അവന്‍ ലതികയുടെ വീടിലേക്ക് നോക്കി. ഇല്ല ആരെയും കാണുന്നില്ല. നാളത്തെ പൂക്കളത്തിന്റെ ഭംഗി അവന്‍ മനസ്സില്‍ കണ്ടു ഒപ്പം തന്റെ പൂക്കളത്തെ അസൂയയോടെ നോക്കുന്ന ലതികയെയും. വീട്ടിലെത്തിയ അവനെ കാത്തു അമ്മ നില്‍ക്കുന്നുണ്ടായിരുന്നു. അമ്മയോട് പറയാതെ പോന്നതില്‍ ഇപ്പൊ ശകാരം കേള്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എടാ നമ്മുടെ പുഴക്കടവിലെ ആ കുട്ടിയില്ലേ, നിന്‍റെ കൂടെ പഠിക്കുന്ന, അവള്‍ക്കു അസുഖംയി അസുപത്രിയിലനെത്രേ. ശകാരം പ്രതീക്ഷിച്ച അമ്മയില്‍ നിന്നും കേട്ട വാക്കുകള്‍ അവനു അപ്രതീക്ഷിതമായിരുന്നു. ആരു ലതികയോ?
അതെ. കുറച്ചു അധികമാണെന്നആണ് കേട്ടത്.
നിറച്ചു വച്ച തന്റെ പൂവട്ടിയിലെ കോളാമ്പി പൂക്കള്‍ക്ക് നിറം മങ്ങിയോ? പൂവട്ടികള്‍ ഒരു മൂലയിക്ക് വച്ച് അവന്‍ വീട്ടിനകത്തേക്ക് പോയി. കുറച്ചു നേരത്തെ അവന്റെ മുഖത്ത് കണ്ട സന്തോഷം ഇല്ലാതായത് അമ്മ ശ്രദ്ധിച്ചു.
നേരം പുലര്‍ന്നിരിക്കുന്നു. പെട്ടെന്ന് തന്നെ തിരക്കിട്ട് അവന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു. തലേ ദിവസം കൊണ്ട് വെച്ച പൂവട്ടികള്‍ എടുത്തു വേഗം മുറ്റത്തേക്ക് നടന്നു. ചാണകം മെഴുകിയ പൂക്കളത്തില്‍ കോളാമ്പി പൂക്കള്‍ ഭംഗി ആയി വിരിക്കുമ്പോള്‍ അവനു പെട്ടെന്ന് ലതികയെ ഓര്‍മ വന്നു. തന്റെ പൂക്കളം കാണാന്‍ അവള്‍ വരുമോ? ആശുപത്രിയില്‍ നിന്നും വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും അവളെ വിളിച്ചു കാണിക്കണം. പൂക്കളം തീര്ന്നപ്പോലെക്കും അവനു ധ്രിതി ആയിരുന്നു തന്റെ പൂക്കളം ലതികയെ കാണിക്കാന്‍. അവന്‍ പുഴക്കടവിലേക്ക് ഓടി. ലതികയുടെ വീട്ടിന്റെ മുറ്റത്തെ ആള്‍ക്കുട്ടം അവനു പക്ഷെ...ആള്‍ക്കുട്ടത്തിന്റെ ഇടയിലുടെ അവന്‍ വീടിന്റെ അകത്തേക്ക് നോക്കി...ആരൊക്കെയോ കരയുന്നു...അന്തരീക്ഷത്തിലെ ചന്ദനത്തിരിയുടെ ഗന്ധം ഒരു ഭീകരാന്തരീക്ഷം അവിടെ ഉണ്ടാക്കിയിരുന്നു. വീട്ടിന്റെ ഉമ്മറത്ത് തൂക്കിയിട്ടിരിക്കുന്ന ഒഴിഞ്ഞ പൂവട്ടികള്‍...അവന്‍ തിരിച്ചു വീട്ടിലേക്കു നടന്നു. മുറ്റത്തെ കോളാമ്പി പൂക്കള്‍ അപ്പോഴും ആരെയോ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
No comments:
Post a Comment